Rapid Test Covid 19 Test

Publishe On : 30 March 2020
എന്താണ് റാപ്പിഡ് ടെസ്റ്റ് ? അതെങ്ങനെ നടത്താം 


പ്രാഥമിക സ്‌ക്രീനിംഗിലൂടെ വിവിധതരത്തിലുള്ള വൈറസ് വ്യാപനം ഉണ്ടോയെന്ന് അറിയുന്നതിനായി ഉപയോഗിക്കുന്ന ലളിതമായ പരിശോധന മാര്‍ഗമാണ് റാപ്പിഡ് ടെസ്റ്റ്. മറ്റ് ഉപകരണങ്ങളുടെ സഹായമില്ലാതെ 10 മിനിറ്റ് മുതല്‍ 30 മിനിറ്റിനുള്ളില്‍ വളരെ വേഗത്തില്‍ ഫലമറിയാന്‍ കഴിയും. ഗുണമേന്മയുള്ള പരിശോധനാ കിറ്റുകള്‍ ഉയോഗിച്ചാല്‍ വളരെയധികം ആളുകളുടെ പരിശോധനകള്‍ വേഗത്തിലാക്കി രോഗവ്യാപനം വളരെ പെട്ടെന്ന് അറിയാന്‍ കഴിയും. അതേസമയം ചെലവ് വളരെ കുറവെന്ന പ്രത്യേകതയുമുണ്ട്.


എന്താണ് കോവിഡ് 19 ടെസ്റ്റ്?


നിലവില്‍ പിസിആര്‍ (പോളിമെര്‍ ചെയിന്‍ റിയാക്ഷന്‍) ടെസ്റ്റ് വഴിയാണ് ഇന്ത്യയില്‍ എല്ലാ രോഗികളിലും വൈറസ് ബാധയുണ്ടോ എന്ന് തിരിച്ചറിയുന്നത്. രണ്ട് തരം പരിശോധനകളിലൂടെയാണ് കോവിഡ് 19 സ്ഥിരീകരിക്കുന്നത്. ഇ-ജീന്‍ പരിശോധനകള്‍ക്കായുള്ള റിയല്‍ടൈം റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്‌റ്റേഴ്‌സ് പി.സി.ആര്‍. എന്ന മോളിക്കുളാര്‍ പരിശോധനയാണ് ആദ്യം നടത്തുന്നത്. കോവിഡ് 19 സ്ഥിരീകരിക്കുന്നതിനുള്ള ആര്‍.ഡി.ആര്‍.പി., ഒ.ആര്‍.എഫ്. 1 ബി. ജീനുകള്‍ കണ്ടെത്താനുള്ള പരിശോധനയാണ് രണ്ടാമത്തേത്.


രണ്ടും തമ്മിലുള്ള വ്യത്യാസം



ശരീരത്തില്‍ എന്തെങ്കിലും വൈറസ് ബാധ ഉണ്ടോയെന്നറിയാനാണ് റാപ്പിഡ് ടെസ്റ്റ് നടത്തുന്നത്. അതേസമയം കൂടുതല്‍ കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നതിനാലാണ് കോവിഡ് 19 തിരിച്ചറിയുന്നതിന് പിസിആര്‍ ടെസ്റ്റ് നടത്തുന്നത്. പിസിആര്‍ ടെസ്റ്റിന് സമയവും ചെലവും കൂടുതലാണ്. എന്നാല്‍ സാമൂഹ്യ വ്യാപനം പെട്ടെന്ന് തിരിച്ചറിയേണ്ടതിനാലാണ് വൈറസ് വ്യാപനം കണ്ടെത്താന്‍ റാപ്പിഡ് ടെസ്റ്റ് നടത്തുന്നത്.